ലണ്ടൻ ∙ ബ്രിട്ടനില്‍ അമിതവേഗതയിൽ വാഹനം ഓടിച്ചതിനെ തുടർന്ന് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്കിന് ആറ് മാസത്തേക്ക് വാഹനമോടിക്കുന്നതിന് വിലക്ക്. കഴിഞ്ഞ ഓഗസ്റ്റിൽ നോർത്താംപ്ടനിനടുത്തുള്ള എം 1 റോഡിൽ 40 മൈൽ (64 കി. മീ) മേഖലയിൽ 68 മൈൽ (109 കി. മീ) വേഗതയിൽ വാഹനമോടിച്ചതിനാണു വിലക്ക്. നോട്ടിങാം ഷെയറിലെ നെവാർക്കിൽ നിന്നുള്ള എംപിയാണ് ഇദ്ദേഹം.
നോർത്താംപ്ടൺ മജിസ്‌ട്രേറ്റ് കോടതിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇന്നലെ നടന്ന ക്ലോസ്ഡ് ഹിയറിങ്ങിൽ മൊത്തം 1,63,900 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 1,639 പൗണ്ട് പിഴയായി അടയ്ക്കാനും കോടതി ഉത്തരവിട്ടു. 1,107 പൗണ്ട് പിഴയും 442 പൗണ്ട് സർചാർജും 90 പൗണ്ട് ചെലവും ഉൾപ്പടെയാണ് പിഴ അടയ്‌ക്കേണ്ടത്. ലാൻഡ് റോവർ കാറാണ് മന്ത്രി ഓടിച്ചിരുന്നത്.
ലിസ് ട്രസ് മന്ത്രിസഭയിൽ ആരോഗ്യമന്ത്രി, ബോറിസ് ജോൺസൺ മന്ത്രി സഭയിൽ സ്റ്റേറ്റ് സെക്രട്ടറി എന്നീ നിലകളിൽ 41 കാരനായ റോബർട്ട് ജെൻറിക്ക് പ്രവർത്തിച്ചിട്ടണ്ട്. ബ്രിട്ടനിൽ സാധാരണക്കാരനും മന്ത്രിമാർക്കും നിയമത്തിന്റെ കാര്യത്തിൽ ഒരു ഇളവും ഇല്ലാ എന്നതിന്റെ തെളിവാണ് ഇത്തരമൊരു കോടതി വിധി.