സോമർസെറ്റ് ∙ യുകെയിൽ എല്ലാ മേഖലകളിലും ജീവിത ചെലവ് വർധിച്ചു നിൽക്കുമ്പോൾ വെള്ളത്തിന്റെ ചാർജും കുതിച്ചുയരാന്‍ വഴിയൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകൾ പുറത്തു വന്നു. യുകെയിലെ വിവിധ ജല വിതരണ കമ്പനികൾ 10 ശതമാനത്തോളം വര്‍ധനയാണ് ഏപ്രിൽ മാസം മുതൽ വരുത്തുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഒരു ശരാശരി കുടുംബത്തിന്റെ വാര്‍ഷിക ബില്‍ 448 പൗണ്ടില്‍ എത്തുമെന്ന് ജല വിതരണ സംഘടനകളുടെ കൂട്ടായ്മയായ വാട്ടര്‍ യുകെ അറിയിച്ചു. ഏറ്റവും കുറഞ്ഞത് 7.5% വര്‍ധന ഉണ്ടായാൽ ഉപയോക്താക്കള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 31 പൗണ്ട് അധികമായി നല്‍കേണ്ടി വരും.
യുകെയിൽ അഞ്ചില്‍ ഒരാള്‍ക്ക് പണമടയ്ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ജീവിത ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ വര്‍ധന കുടുംബങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. എന്നാല്‍ മിക്ക ഉപയോക്താക്കളുടെയും വര്‍ധന പണപ്പെരുപ്പത്തിന് താഴെയായിരിക്കുമെന്ന് വാട്ടര്‍ യുകെ പറയുന്നു. യുകെയിലെ മൊത്തത്തിലുള്ള വിലക്കയറ്റത്തിന്റെ അളവ് ഡിസംബറില്‍ 10.5% ആയിരുന്നു. ഏപ്രില്‍ മുതല്‍ ഭക്ഷ്യ, എനര്‍ജി ചെലവേറുന്നത് മൂലം ശരാശരി കുടുംബങ്ങളുടെ ചെലവില്‍ 500 പൗണ്ടിലേറെ വര്‍ധിക്കുമ്പോൾ വെള്ളത്തിന്റെ ബില്ലും ഉയരുന്നത് കനത്ത തിരിച്ചടിയാകും.
സൗത്ത് കോസ്റ്റില്‍ കടലിലേക്ക് മാലിന്യം ഒഴുക്കിയതിന് 90 മില്ല്യണ്‍ പൗണ്ട് പിഴ അടയ്ക്കേണ്ടി വന്ന സതേണ്‍ വാട്ടര്‍ കമ്പനി ബില്ലുകള്‍ 10.8 ശതമാനം വര്‍ധിപ്പിക്കും. ഇതോടെ ശരാശരി വാർഷിക ബില്ലുകള്‍ 43 പൗണ്ട് വര്‍ധിച്ച് 439 പൗണ്ടിലെത്തും. ആംഗ്ലിക്കൻ വാട്ടർ കമ്പനിയാണ് രണ്ടാമത്തെ വലിയ വര്‍ധന നടപ്പാക്കുക.10.5 ശതമാനം വർധനയാണ് ആംഗ്ലിക്കൻ നടപ്പിലാക്കുക. നദികളെ മലിനമാക്കിയതിനും വെള്ള വിതരണത്തിന്റെ ചോർച്ച പരിഹരിക്കാൻ പരാജയപ്പെട്ടതിനും വിമര്‍ശനം നേരിട്ട തെയിംസ് വാട്ടര്‍ 9.3 ശതമാനമാണ് നിരക്ക് വര്‍ധിപ്പിക്കുക. വെസെക്സ് വാട്ടര്‍ 9 ശതമാനം വർധന നടപ്പാക്കും. 20 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്തരം ഒരു വർധന.